ജീവിതത്തിനു കുറുകെയൊരു ചിന്ത

സ്‌നേഹം, മരണം, സ്വപ്നം , കാറ്റ് എന്നിവ സജീവ സാന്നിധ്യം അറിയിക്കുന്ന ജീവിത കാഴ്ചകളുടെ കഥകളാണ് വി പ്രവീണ എഴുതിയ ‘കടലിന് കുറുകെ ഒരു പക്ഷി’ എന്ന കഥാസമാഹാരം. വായനക്കാർ പ്രതീക്ഷിക്കാത്ത വഴികളിലൂടെയുള്ള കഥയുടെ ഗതി വ്യത്യസ്ഥമായൊരു വായനാനുഭവം സമ്മാനിക്കുന്നു.

ഉൾവലിഞ്ഞ മനുഷ്യമ്മാരെപ്പോലെ ചെടിപ്പടർപ്പും പ്രത്യക്ഷപ്പെടുന്ന ‘ഒസ്യത്ത് ’ എന്ന കഥയിൽ, ദുരിതം കയറി മേയുന്ന കാലത്ത് വിരക്തി കയറി ഭരിച്ചുകളഞ്ഞ മനുഷ്യന്റെ നിസഹായവസ്ഥ വ്യത്യസ്ഥമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ചോര വറ്റിയ കാലത്ത് നിധി കിട്ടിയ ചെകുത്താനും ദൈവവുമുമല്ലാത്ത മനുഷ്യന് നീതിമാനെപ്പോലെ കിടന്നുറങ്ങണമെന്ന ചിന്തയുണ്ടാകുന്നു. കണ്ണീരുകൊണ്ട് നനഞ്ഞ പറമ്പിൽ നിന്നുംകിട്ടിയ നിധി അവിടെ തന്നെ ഇറക്കിവച്ചു യാത്ര പറയുന്ന കഥാപാത്രം
ജീവിതത്തിന്റെ നിരർതഥകത വിളിച്ചറിയിക്കുന്നു.

കാറ്റിന്റെ മുന കൊണ്ടാൽ കയറിവന്ന ഉയരത്തിന്റെ ആഴം അറിയുന്നത് പോലെ യാന്ത്രികമായ ജീവിതവേഷം കെട്ടേണ്ടിവരുന്നവർക്ക് ആത്മാർത്ഥയില്ലാത്ത ബന്ധങ്ങളുടെ ആഴം മനസിലാക്കാൻ വാക്കിന്റെ മുന കൊണ്ടാൽ മതി. അതു കൊണ്ടായിരിക്കാം , ‘കടലിന് കുറുകെ ഒരു പക്ഷി ’ എന്ന കഥയിൽ പക സൂക്ഷിക്കേണ്ട ഇടമല്ല മനസ്സെന്നും, “സ്നേഹത്താൽ ചെയ്യുന്നത് തെറ്റും സ്നേഹമില്ലാതെ ചെയ്യുന്നത് ശരിയുമാണെങ്കിൽ പിന്നെ സ്നേഹത്തെയെങ്ങനെ വിശ്വസിക്കു“മെന്നും പറയുന്നത്.

നീനയുടെയും മേദിനിയുടെയും കഥകൾ ‘കാറ്റിനോട് പറഞ്ഞ കഥ’ യിലൂടെ വായനക്കാരിലേക്കെത്തുന്നു. ഉടമ്പടി തെറ്റിക്കാൻ പാടില്ലാത്ത സ്നേഹവും സ്നേഹത്തിന്റെ വീർപ്പുമുട്ടിക്കലും അതിന്റെ മറവിലെ ചൂഷണവും പ്രമേയമാകുന്നത് കൊണ്ടായിരിക്കാം “വേണ്ടാത്ത സമയത്ത് കയറിവരുന്ന സ്നേഹം മരം പൂക്കുന്ന കാലത്തെ മഴ പോലെയാ. മുടിപ്പിച്ചിട്ടേ അത് പോകൂ.“ എന്ന പ്രസ്താവനയിലേക്കെത്തിക്കുന്നത്.

നിത്യകന്യകയായി നിലനിർത്താനുള്ള നിഗൂഢോദ്ദേശത്തിലൂടെ വന്ന പേരും അതിന്റെ അനന്തരാഫലങ്ങളുമാണ് ‘മിസ് മോളി‘യിലൂടെ പറയുന്നത്. ചത്തമീനുകളുടെ ശവപ്പറമ്പാണ് ഓരോ പൂച്ചയുടെയും ഉടലെങ്കിൽ മനുഷ്യനൊരു ചുടു കാടുതന്നെ എന്ന് ചിന്തിക്കുന്ന മോളി, തന്നിൽ നിന്ന് ചിന്തകളെ അകറ്റുകയും ചിന്തകളെ മറ്റുള്ളവരിലേക്ക് പറിച്ചു നടുകയും ചെയ്യുന്നു. അതേസമയം, ജീവിതം കൈവിട്ടു പോകുമെന്ന് തോന്നിയപ്പോൾ മറ്റുള്ളവരുടെ ചിന്തകളെ വായിക്കുക എന്ന കഴിവ് ഭാരമായി തീരുന്നു. എല്ലാം മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ നഷ്ടപെടുന്ന ജീവിതത്തിന്റെ ഹരം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് പിന്നീട്. കഴിവ് നഷ്ട്ടപ്പെട്ടപ്പോൾ വീണ്ടെടുക്കുന്ന ജീവിതം, കഥയിൽ പറഞ്ഞ പോലെ പഴക്കംകൊണ്ട് തേഞ്ഞുമാഞ്ഞു പോകുന്നതരത്തിലുള്ള അത്ഭുതങ്ങൾ മാത്രമേ ഈ ലോകത്തുള്ളൂയെന്ന് ബോധ്യപ്പെടുത്തുന്നു.

ചോദ്യങ്ങളും തർക്കങ്ങളും കീഴ്പ്പെടുത്തലിൽ മാത്രം അവസാനിക്കുന്ന വിനോദമാർഗങ്ങളാക്കി മാറ്റുന്ന അരവിന്ദനും എതിർപ്പുകളെയും ചോദ്യങ്ങളെയും തുപ്പിക്കളയാനാകാത്ത കയ്പ്പായി കണ്ട് ഒറ്റയിറക്കിന് വിഴുങ്ങാനുള്ള വഴക്കമുണ്ടക്കുന്ന പാർവതിയും അനേകം ജീവിതങ്ങളുടെ പ്രതിനിധികളായി മാറുന്ന കഥയാണ് ‘തർക്കമന്ദിരം’. ജീവിതവ്യാകരണത്തിൽ കർത്താവും കർമ്മവുമായി അവർ വിഭജിക്കപ്പെട്ടപ്പോൾ അവളുടെ നിസ്സംഗതയ്ക്ക് ആഴം കൂടുന്നു. തിരിച്ചറിവിന്റെ ഒരു പ്രതികരണത്തിൽ തകരുന്ന കപട നാട്യങ്ങൾ. ഈകഥയിൽ പറയുന്ന “അധികാരം എന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയിരിക്കുന്നു. തെറ്റുപറ്റിയാൽ സമ്മതിക്കുന്ന പതിവ് ഇവിടെയൊരു മഹാരാഥനും ഇല്ലെന്നു വന്നിരിക്കുന്നു‘ എന്നത് ഉള്ളടരുകളിൽ ഒളിപ്പിച്ചു വെച്ച രാഷ്ട്രീയം വ്യക്തമാക്കുന്ന വാചകങ്ങളാണ്.

ജീവിതത്തിന്റെ കൂട്ടിക്കെട്ടലുകളെയും അതിന്റെ അർത്ഥമില്ലായ്മയും കാപട്യവും വളരെ ഭംഗിയായി അവതരിപ്പിച്ച കഥയാണ് ’മെലഡി മിറാൻഡയുടെ പൂച്ച‘. ആത്യന്തികമായി നിരാലംബനായ ഓരോ മനുഷ്യനും വെറുമൊരു പേര് മാത്രമായി ഭൂലോകത്ത് ഒതുങ്ങാൻ വിധിക്കപ്പെട്ടവരാണെന്ന സത്യം ഒരു പൂച്ചയിലൂടെ അവതരിപ്പിക്കുന്നു. സ്വന്തം യജമാനത്തിയെ പറ്റി അഭിമാനം കൊള്ളുന്ന പൂച്ചയ്ക്കുണ്ടാകുന്ന തിരിച്ചറിവുകളിലൂടെയാണ് കഥയുടെ സഞ്ചാരം. പൂച്ച തന്നെയാണ് അവർക്ക് മെലഡി മിറാൻഡ എന്ന പേരിടുന്നത്. അവരുടെ സത്രീജീവിതം പൂച്ചയുടെ ഉള്ളിലെ സ്ത്രീത്വത്തെ ഉണർത്തുന്നു. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ച വീട്ടിലുള്ള മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ ചോദി ക്കാതെ മനസ്സിലാക്കാനുള്ള അവരുടെ പാടവം പൂച്ചയിൽ അഭുതമുണ്ടാക്കുന്നു. കുടുംബം എന്ന മനോഹര വ്യവസ്ഥ നിലനിർത്താൻ സ്ത്രീക്ക് മേന്മയുണ്ടാകണമെന്ന പാഠം മെലഡി മിറാൻഡയിൽനിന്ന് മനസ്സിലാക്കുന്ന പൂച്ചയ്ക്ക് വൈവിധ്യങ്ങളുടെ ഇണചേരലായ മനുഷ്യകുടുംബസംവിധാനത്തോട് അടക്കാനാവാത്ത ആസക്തി തോന്നുന്നു. മാംസാഹാരിക്ക് മാംസാഹാരിയും സസ്യാഹാരിക്ക് സസ്യാഹാരിയുമെന്ന ജന്തുനിയമത്തോട് അറപ്പു തോന്നുന്നു. എവിടെയെങ്കിലും പോയതിനു ശേഷമുള്ള മടങ്ങിവരവിൽ മെലഡി മിറാൻഡ നിമിഷനേരം കൊണ്ട് അഴുക്കും വിഴുപ്പും അകറ്റി വീട്ടിൽ പ്രകാശം നിറക്കുന്നത് പൂച്ചയ്ക് അവരോട് ആരാധനയുണ്ടാക്കുന്നു. അവരുടെ ജീവിതം, പൂച്ചയുടെ ജീവിതത്തിൽ പുരോഗമന ആശയങ്ങൾക്ക് ഇടമൊരുക്കുന്നു. എന്നാൽ അവരുടെ മരണത്തിനു ശേഷമാണ് പൂച്ചയിൽ യഥാർത്ഥത്തിൽ തിരിച്ചറിവുണ്ടാകുന്നത് . സ്ത്രീ എന്ന നിലയിൽ അവർ ചെയ്‌ത കടമകളാണ് മരണശേഷം ആ മനുഷ്യനെയും മക്കളെയും അവർക്കായി കണ്ണീർവാർക്കാൻ പ്രേരിപ്പിക്കുന്നതെന്ന് മനസിലാക്കുന്ന പൂച്ചയ്ക്ക് മരണം പാഠങ്ങൾ ഓരോ ന്നായി സമ്മാനിക്കുകയാണ്. മരിച്ചു കിടക്കുന്ന സമയത് അവിചാരിതമായ ഒരു സംഭവം നടക്കുകയും വീടിനെ മൂകമാക്കിയത് മരണമല്ല എന്ന തിരിച്ചറിവിൽ അന്നേവരെ കിനാവ് കണ്ട കുടുംബം എന്ന കൂട്ടിടപാടിൽനിന്ന് പൂച്ച എന്നേക്കുമായി ഇറങ്ങിനടക്കുകയും ചെയുന്നു. ആഖ്യാനശൈലിയിലും പ്രമേയത്തിലും വേറിട്ട കാഴ്ചപ്പാട് നൽകാൻ ഈ കഥയ്ക്ക് സാധിച്ചിട്ടുണ്ട്.

ദാമ്പത്യം, പിതൃത്വം, അധ്വാനം തുടങ്ങിയ ജീവിതച്ചേരുവകളോട് തോന്നിത്തുടങ്ങിയ മടുപ്പ്, മറ്റു ജോലികളോടും ഉണ്ടാകുന്ന ഒരു മനുഷ്യന് മുടികളുടെ ഗന്ധവും സ്‌പർശവും മത്തുപിടിപ്പിക്കുന്നതും തുടർന്നുള്ള ജീവിതവും പറയുന്നതാണ് ‘വധശ്രമം’ . “അറിഞ്ഞതൊന്നും അനുഭവമാകുന്നില്ല. അനുഭവിച്ചതുമാത്രമേ അറിവാകുന്നുള്ളൂ.” എന്ന വേദാന്തത്തിനൊടുവിൽ, വിചാരണ നേരിടുന്ന വ്യക്തിയുടെ കൊല്ലുകയല്ല കഥയെഴുതുകയായിരുന്നു ലക്ഷ്യം എന്ന വാദത്തെ കോടതി വിലയ്ക്കെടുത്ത്, ലഭ്യമായ തെളിവിൻ്റെ പിൻബലത്തിൽ വധശ്രമത്തിൽ നിന്നും പ്രതിയെ രക്ഷപെടുത്തി വാദിയെ പ്രേരണാക്കുറ്റത്തിലേക്ക് എത്തിക്കുന്ന രസകരമായ ആഖ്യാനം അനേകം ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

വിശ്വസിക്കേണ്ടവർ വിശ്വസിക്കാതായാൽ ഒരുപരിചയവുമില്ലാത്ത വായനക്കാർ പിന്നെങ്ങനെ വിശ്വസിക്കും എന്ന മാധ്യമ പ്രവർത്തകയുടെ ആത്മാർത്ഥമായ ചോദ്യവും അവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ‘കാർലോസ് വാൽഡരാമ മലയാളിയാണ്’ . ഭർത്താവിൻ്റെ വീട്ടിൽ നിരന്തരം നേരിടേണ്ടി വന്ന പ്രതിസന്ധികളിൽ ഉഴറി അതീവ താൽപ്പര്യമുള്ള മേഖലകളിൽ നിന്നും ജീവിതത്തിൽ നിന്നും ഒരു പോലെ അകലാൻ പഠിക്കുന്നു. വാസ്‌തവത്തെ വിശ്വാസത്തിലെടുക്കാത്തതിന്റെ പേരിൽ ആരോടും തർക്കിക്കാൻ നിൽക്കാതെ മാധ്യമ പ്രവര്ത്തനത്തില് നിന്നും രാജി വെയ്ക്കുകയാണ് കഥാപാത്രം. നടക്കാത്ത സ്വ‌പ്നങ്ങൾ എഴുതി സാധിക്കുന്നവർക്ക് പോലും യാഥാർഥ്യത്തെ ഉൾകൊള്ളാൻ കഴിയാത്തവിധം മാറി മാറി വരുന്ന ജീവിത സാഹചര്യങ്ങൾ വരച്ചു കാട്ടുന്നു ഈ കഥ .

ജീവിതത്തിൽ ഉറപ്പായിട്ടുള്ള കാര്യം മരണമായതു കൊണ്ടായിരിക്കാം എല്ലാ കഥകളെയും മരണം സ്പർശിക്കുന്നത്.

ചെടികളോട് മിണ്ടണമെന്ന് പറയുന്ന മോത്തിയെ തേടിയുള്ള യാത്രയും മകൾ കണ്ടുതീർക്കാത്ത, കാണാൻ ബാക്കിവച്ച ദൃശ്യങ്ങൾ തേടിയുള്ള യാത്രയും കൂടിച്ചേരുന്ന കഥയാണ് ‘നദി’. തെറ്റായ ഉത്തരങ്ങൾ കടലാസിൽ എഴുതിച്ചേർക്കുന്ന പേനയായി നിശ്ശബ്ദതയെയും ഈ കഥയിൽ കണ്ടുമുട്ടും.

ജീവിതം മരണമാണെന്നും മരണമാണ് ജീവിതമെന്നും ഉള്ള തത്ത്വചിന്ത പേറുന്ന ശവം എന്നയാളുടെ ജീവിതചിന്തകളും ജീവിതവും പകർത്തുന്നു ‘അമരഹൃദയം’. ഏതു മരത്തിന്റെയും ജീവിതാ സക്തി അതാതിന്റെ വേരിനോടു ചേരുക എന്നതാണെന്ന് കരുതുന്നതുകൊണ്ട് ശവം ചിലർക്ക് മനുഷ്യൻ്റെ ആഗ്രഹങ്ങൾക്കും മുകളിൽ മരത്തെ പ്രതിഷ്ഠിക്കുന്ന ദ്രോഹിയായി മാറുന്നു. മരഹൃദയത്തിൽ നിന്നും അമരഹൃദയത്തിലേക്കുള്ള യാത്രയിൽ ജയിച്ചത് മരമോ മനുഷ്യനോ അതോ ശവമോ എന്ന ചോദ്യത്തിന് ഉത്തരം തേടലാണ് ഈ കഥ.

മനസ്സ് പക്ഷികളുടെ മുറിയിലായ ഒരമ്മയും ഭൂതകാലത്തിൽ നിന്നും രക്ഷപെടാനുള്ള വെപ്രാളവും പക്ഷികളുടെ മുറിയിൽ കൂടുകൾ മാത്രമാക്കിയുള്ള വിടപറയലും
ജീവിച്ചിരിക്കുന്നവരെ ബാധിക്കുന്ന അന്ധത യാണ് മരണമെന്നും പറയുന്നു ‘കൂട്’.

വല്ലാതെ അലട്ടുന്ന ഒരു കഥയാണ് ‘അഞ്ച് രംഗങ്ങളുള്ള സ്വപ്നം’. അച്ഛന് കുഞ്ഞുങ്ങളെ മാത്രമേ സ്നേഹിക്കാനറിയൂ എന്നും മുതിർന്നവരെ സ്നേഹിക്കാൻ അറിയില്ലയെന്നുമുള്ള സ്വപ്നങ്ങളുടെ ചിന്തയിൽ മാറിമറിയുന്ന മകളുടെ ജീവിതം ഉത്തരമില്ലാത്ത ചോദ്യമായി മാറുന്നു. സ്വപ്‌പ്നത്തെ യാഥാർഥ്യമായി കരുതിയാലുള്ള ഭവിഷ്യത്തുകളും, സ്വപ്‌നങ്ങൾ ഒഴിവാക്കിത്തന്ന സങ്കടത്തിന്റെ ഭാരവും കഥയുടെ ഉള്ളറകളിൽ കാണാം.

കാലങ്ങൾക്കൊണ്ട് ബലപ്പെട്ട പ്രേമം ടാസ്ക് ആയി രൂപം മാറുന്ന ‘പൂസ്’ ഈ സമാഹാരത്തിൽ ചേർച്ചയില്ലാത്തതായി തോന്നിയ കഥയാണ്.

ആഗ്രഹങ്ങളും നിരാശകളും ഈ കഥകളുടെ ഉള്ളകങ്ങളിൽ ലയിച്ചു കിടക്കുന്നുണ്ട്. പറഞ്ഞു തരുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുള്ളതാണ് ഈ സമാഹാരത്തിലെ ഭൂരിഭാഗം കഥകളും. ജീവിതത്തിൽ എവിടെയെങ്കിലും കണ്ടുമുട്ടിയ സന്ദർഭങ്ങളും കാണാനിടയില്ലാത്ത കാഴ്ചകളും കൂട്ടിച്ചേർത്തിവച്ചൊരുക്കിയ ഈ കഥാസമാഹാരം ജീവിതത്തിന് കുറുകെയുള്ള ചിന്തയായി മാറുന്നു.

സനുഷ് ശ്രീനഗർ