“The only true wisdom is in knowing you know nothing.” – Socrates

ശാസ്ത്രീയപദങ്ങളിലൂടെ, കൗതുകകഥകളിലൂടെ, ചരിത്രസംഭവങ്ങളിലൂടെ, സാഹിത്യങ്ങളിലൂടെ, ശാസ്‌ത്രാവബോധവും പുതിയൊരു കാഴ്ചപ്പാടും പകരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘വാതിൽ’ കുറിപ്പുകൾ അതേപേരിലാണ് പുസ്തകമായിറങ്ങുന്നത്. വ്യത്യസ്ത വിഷയങ്ങളെ ആറ്റിക്കുറുക്കി സാംസ്കാരിക മൂല്യവും ഉൾകാഴ്ചയുമുള്ള ചിന്തകൾക്ക് തിരികൊളുത്തുന്ന പംക്തി ജീവിതത്തിന്റെ പലപല അടരുകളിലേക്കിറങ്ങാൻ വായനക്കാരനെ പ്രചോദിപ്പിക്കും.

ജീവിതം, ഓർമ്മ, അധികാരം, ജാതി , സാഹിത്യം , ചരിത്രം , ശാസ്ത്രം എന്നിങ്ങനെ പല മേഖലകളായി ഈ പുസ്തകത്തെ പഠനവിധേയമാക്കാം.
മൗനത്തിലൂടെ ചിന്തിപ്പിച്ച മനുഷ്യനെ ഓർത്തുകൊണ്ട് തുടങ്ങുന്ന ഈ വാതിൽ കുറിപ്പുകൾ ചിരിയിലൂടെ ചിന്തിപ്പിച്ച മനുഷ്യനെ സ്മരിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
എം ടി യുടെ വിയോഗത്തിൽ തുടങ്ങുന്ന ഉൾക്കാഴ്ച, വായനക്കാരെ സംബന്ധിച്ച പുതിയൊരു അനുഭവവും വിജ്ഞാനത്തോട് കൂടിയ വേറിട്ട ചിന്തകളുമാണ്. അദ്ദേഹത്തിന് മൗനം ശീലമായതിനെക്കുറിച്ച് പറയുമ്പോൾ അക്ഷരംകൊണ്ടുള്ള ജോലിയെ സഹായിക്കുക ഉച്ചരിക്കുന്ന വാക്കല്ല, എഴുതുന്ന വാക്കാണ് എന്ന ഉപദേശം ഓർത്തെടുക്കുന്നതോടൊപ്പം മൗനത്തിന്റെ സുരക്ഷാകവചത്തിനുള്ളിലുള്ള ഹൃദയം നാവിനെക്കാൾ വലിയൊരു വാക്കുത്പാദന അവയവമായി മാറുന്നതെങ്ങനെയെന്നും അടിവരയിടുന്നു. മുഴുവൻ മനുഷ്യർക്കുമായി ചില മനുഷ്യർ ചെയ്‌തുവെച്ച ചിലതിനുവേണ്ടി നന്ദിപറയേണ്ടതുണ്ടെന്നു കാലം ഓർമിപ്പിക്കുന്നു.
ഓർമ്മയുടെ, ഓർമ്മപ്പെടുത്തലിന്റെ രാഷ്ട്രീയപ്രാധാന്യം ഉൾകൊള്ളുന്ന വാതിൽക്കുറിപ്പുകൾ വർത്തമാനത്തെ ഭൂതവുമായും ഭാവിയുമായും ബന്ധിപ്പിക്കുന്നുമുണ്ട്.

ഹോർത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥത്തെ ഇംഗ്ലീഷിലും മലയാളത്തിലും എത്തിക്കാൻ തൻ്റെ ജീവിതം മാറ്റിവച്ച ഡോ. മണിലാലാലിനേയും, മറവിയിലേക്ക് വീണുപോയ ഷെയ്ക്ക് സൈനുദ്ധീൻമഖ്ദൂമിനെയും പത്രാധിപകുലത്തിലെ അതികായൻ എസ്. ജയചന്ദ്രൻനായരെയും ഭാവിമലയാളം വേണ്ടവിധം ഓർമ്മിക്കുമോയെന്ന ചോദ്യമാണ് ‘ഉദാസീനം’. ചരിത്രം മാറ്റിയെഴുതുന്നത് ഒരു കുറ്റമാണെങ്കിൽ ഭാഗികചരിത്രനിർമ്മാണവും മാപ്പർഹിക്കാത്ത പാതകമാണെന്ന് വായനക്കാർ ചിന്തിക്കും.
അതുപോലെ ഇന്ന് ഒരു പുതിയ ഇനം ചരിത്രം സൃഷ്ടിക്കലും അരങ്ങേറുന്നുണ്ട് എന്ന് ഓർമിപ്പിക്കുന്നു ‘ചരിത്രസൃഷ്ടി’യെന്ന വാതിൽ.

‘നമ്മുടെ ഇക്ബാൽ’ എന്ന വാതിലിലൂടെ ഇന്ത്യയുടെ മഹാൻമാരായ കവികളുടെ പട്ടികയിൽ നിന്നും നിശബ്ദം ഒഴിവാക്കപ്പെട്ട മുഹമ്മദ്‌ ഇക്ബാലിനെ ഓർക്കുന്നു. അധികാരത്തിന്റെ മൂർച്ചകൾ, രാഷ്ട്രീയത്തിന്റെ അവിവേകങ്ങൾ, മനു ഷ്യനെക്കുറിച്ചുള്ള അജ്ഞതകൾ, ഇതെല്ലാം ഭാഷയെയും കവിതയെയും മുറിക്കുമ്പോൾ അജ്ഞതയുടെ പദവിയുള്ള അവിവേകം തലപൊക്കുന്നതിന്റെസൂചന ലഭിക്കും. മനുഷ്യർക്കൊപ്പം ഭാഷകളും പലതായി പിരിഞ്ഞിരിക്കാം. എന്നാൽ, ചില ഇരുട്ടുകൾ, ചില അജ്ഞതകൾ, ഭാഷകളുടെ ആദിമകോശത്തിൽ നീന്നുതന്നെ മനുഷ്യന്റെ കൂടെപ്പോരുന്നതിന്റെ വേദനയിലേക്കും വാതിൽ തുറന്നിടുകയാണിവിടെ.

കാലപരിമിതിയെ അതിജീവിച്ച്, ഷെയ്ക്സ്പിയർ മറ്റു ദേശങ്ങളുടെയും അവിടത്തെ നായകന്മാരുടെയും കഥകളെ സ്വന്തംഭാഷയിൽ ആവിഷ്കരിച്ചത് ആ പ്രതിഭയുടെ മഹത്വത്തെവിളിച്ചറിയിക്കുന്നതാണെന്ന് നമ്മൾ തിരിച്ചറിയുന്നു ‘ഷെയ്ക്സ്പിയർ ചെയ്തത്’ എന്ന കവാടത്തിൽ.

വൃദ്ധൻ എന്നാൽ, കിഴവൻ എന്നല്ല, വർദ്ധിച്ചവൻ എന്ന അർത്ഥം പറഞ്ഞുതരുന്ന വാതിലാണ് ‘നിലവിളിച്ചെത്തം’ .
കാലപ്രവാഹത്തിൽ വഴിതെറ്റി സഞ്ചരിക്കുന്ന വാക്കുകളെ നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്ന വാതിലുകൾ. കലയുടെ പ്രാധാന്യം വിളിച്ചോതുന്ന ഹൃദയം തൊടുന്ന ഒരുദാഹരണം ജാവേദ് അക്തറിന്റെ ഒരു സംഭാഷണത്തിലൂടെ നമ്മളിലേക്കെത്തുന്നു. നിലവിളിക്കാൻ പോലും പറ്റാത്ത ജന്മങ്ങളുടെ ശബ്ദമായി മാറുന്നു കല. അതുകൊണ്ടാണ് മരണവക്ത്രത്തിൽപ്പെടുന്ന മനുഷ്യവംശത്തിന്റെ ശബ്ദമാണ് സർഗ്ഗാത്മകതയെന്ന് പറയുന്നത്.

‘അമ്മൂമ്മ പിറന്ന കഥ’ എന്ന വാതിൽ കടക്കുമ്പോൾ. മനുഷ്യർകൂടി ഉൾപ്പെടുന്ന പ്രൈമേറ്റ് വിഭാഗത്തിൽ, മനുഷ്യസ്ത്രീ ഒഴികെയുള്ളവരെല്ലാം പ്രത്യുത്പാദനശേഷി ഇല്ലാതാകുന്നതോടെ മരണത്തിലേക്കെത്തുന്നു എന്ന പുതിയൊരു ജീവശാസ്ത്ര വിജ്ഞാനം നമ്മളെ സ്പർശിക്കും. അധികഭൂഗുരുത്വവലി മനുഷ്യശിശുവിനു ബാധിക്കുന്നതും ‘ഗ്രാൻഡ് മദർ ഹൈപ്പോതീസിസി’ ഉം കൗതുകമുള്ള അറിവായിത്തീരുന്നു.

എ.ഡി. ഒന്നാം നൂറ്റാണ്ടിൽ കൊറിയൻ രാജകുമാരനെ വിവാഹംകഴിച്ച് കുടിയേറിയ ചെമ്പവിഴം എന്ന ഒരു രാജകുമാരിയുടെചരിത്രവും, അത്രയും ദൂരം താണ്ടിയ ദ്രാവിഡവാക്കുകൾ കൊറിയൻ ഭാഷയിലൂടെ ഇന്നത്തെതലമുറയിലേക്ക് ഒഴുകിയെത്തുന്നതും ഉള്ള രസകരമായ ചിന്തയാണ് ‘കൊറിയൻ വേര് ‘.

അല്പജ്ഞാനത്തിന്റെ അപകടവും, ഒളിച്ചുകേൾവിയുടെ നിഗൂഢരസവും, എപ്പടി പാടിനാരോ എന്ന കൃതിയെയും പരിചയപ്പെടുത്തുന്നു ‘പാട്ടും കൂത്തും’.

സന്ന്യാസം എന്നാൽ, ‘സമ്യക്കായ ന്യാസം’ ആണെന്നും സമ്യക് എന്നാൽ, ശരിയായ, ഏറ്റവും ഉചിതമായ എന്നർത്ഥമെന്നും ന്യാസത്തിന് പണയം എന്നും ഉപേക്ഷിച്ചുകളയൽ എന്നും അർത്ഥമുണ്ടെന്നു പറഞ്ഞു തരുന്നു‘സന്ന്യാസിയുടെ ജാതി’. ജാതിഉപേക്ഷിക്കലിന്റെ അനിവാര്യതയാണിവിടെ വാതിൽ ചൂണ്ടികാണിക്കുന്നത്.

ചരിത്രത്തെ പുനർനിർമ്മിക്കാൻ സർഗ്ഗാത്മകത മനുഷ്യനെസഹായിച്ച കാലം തൊട്ടേ ചില ധാരണകൾ നിറങ്ങളുടെ മൂല്യത്തെയും പല തട്ടുകളിൽ പ്രതിഷ്ഠിക്കുന്നുണ്ടെന്നും വർണ്ണങ്ങൾക്ക് ഭാവാന്തരീക്ഷം മാത്രമല്ല, വർണ്ണാശ്രമവ്യവസ്ഥകളുമുണ്ടെന്നും ‘വിഷാദ മഞ്ഞ’ തുറക്കുമ്പോൾ കാണാം .

നമ്മളറിയാത്ത കാര്യങ്ങളാണല്ലോ ചരിത്രത്തിൽ ഏറ്റവും കൂടുതലുള്ളത്. ചരിത്രത്തിൽ മറഞ്ഞു പോയ ശ്രീധർ ബൽവന്ത് തിലകിന്റെ ജീവിതത്തിലേക്ക്‌ തുറക്കുന്ന വാതിലാണ് ‘മകൻ, ലോകമാന്യൻ ’. അച്ഛന്റെ ജാത്യഭിമാനത്തിന്റെ എതിർദിശയിൽ സഞ്ചരിച്ച ശ്രീധറിന്റെ ജീവിതവും ജാതിക്കെതിരേയുള്ള പോരാട്ടങ്ങളിൽ അംബേദ്കർക്കൊപ്പം നടത്തിയ പോരാട്ടവും, എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായി ജീവിച്ചതും, പ്രാകൃതാചാരങ്ങളോട് പടവെട്ടിയതും പുതിയൊരു വെളിച്ചം വീശുന്ന അറിവാകുന്നു.

ഇന്ത്യപോലൊരു രാജ്യത്ത് എഴുതപ്പെട്ട രണ്ട് ആദിമ മഹാഗ്രന്ഥങ്ങളിലും ദൈവത്തിന്റെ പ്രതിനിധികളായി വരുന്ന കഥാപാത്രങ്ങൾ കറുത്തവരാണെന്നത് വർണ്ണവിവേചനത്തിനെതിരായ മുന്നൊരുക്കങ്ങൾ ഇവിടെ നടത്തിയിരുന്നു എന്നതെളിവായി കാട്ടുന്നു ‘തിളക്കം’. ഇന്ന് ഇൻഫ്ളുവൻസേഴ്സ് മീറ്റ് നടത്തുമ്പോൾ ഏതെങ്കിലുംഒരു സാഹിത്യ പ്രതിഭയെ അക്കൂട്ടത്തിൽ പ്രതീക്ഷിക്കുന്നുണ്ടോയെന്ന പ്രസക്തമായ ചോദ്യത്തോടെയാണ് ‘തിളക്കം’ അവസാനിപ്പിക്കുന്നത്.

‘സോൾട്ട് ആൻഡ് പേപ്പർ’ വാതിലിലൂടെ കടക്കുമ്പോൾ കരഗതമാക്കാനാവാത്ത ജീവിതത്തിന്റെ മായികസത്ത അവതരിപ്പിച്ച ഹെർമൻ മേൽവിൽ ജീവിതത്തിലൂടെയുള്ള യാത്രയായി അത് മാറുന്നു. ഈ യാത്ര നമ്മെകൊണ്ടെത്തിക്കുന്നത്, കടലും മലയും മലനാടും ഇടനാടും തീരപ്രദേശവുമുള്ള ഈ നാട്ടിലുണ്ടായ സാഹിത്യകൃതികളിൽ, മലയുടെയും കടലിന്റെയും വിഹിതം ഇത്രയും മതിയോയെന്ന ചോദ്യത്തിലേക്കാണ്.

ചരിത്രം വാറ്റിയാണ് മനുഷ്യൻ കഥകൾ സൃഷ്ടിക്കുന്നതെന്ന് പറഞ്ഞു തരുന്നതാണ് ‘കഥയുടെ ചോര‘. വെളിച്ചമുള്ള ഉയരത്തിൽ എത്തുമ്പോഴേക്കും മൃതപ്രായനായ വണ്ടിന്റെ അടിവയറിനെ തുളച്ച് ഇത്തിൾകണ്ണി മരത്തിലേക്ക് വേരുകളിറക്കി ജീവിതം തുടങ്ങുന്നത് വേറിട്ട തത്ത്വചിന്തയ്ക്ക് വളമിടുന്നു. മനുഷ്യരെ സന്മാർഗ്ഗത്തിൽ വഴിനടത്താനായി സൃഷ്ടിച്ച ഫിക്ഷനുകളെ, നമ്മുടേതായ വ്യാഖ്യാനങ്ങൾ ചമച്ച്‌ യഥാർത്ഥ പാഠത്തെ മറന്നതിനാൽ , ആയുധങ്ങൾകൊണ്ട് പരസ്പ‌രം ചോരചീന്തുന്ന മൃഗങ്ങളായിമാറുന്ന ചിത്രം മനുഷ്യന്റെ ചരിത്രകഥയായി മാറുന്നു.

ഇന്റലിജൻസിനെക്കാൾ സർഗ്ഗാത്മകത സൃഷ്ടിക്കുന്ന സ്റ്റുപ്പിഡിറ്റിയുടെ രസകരമായ പഠനവാതിലാണ് ‘സ്റ്റുപ്പിഡിറ്റി പെറ്റ ക്രീയേറ്റിവിറ്റി. ഒരു കലാനുഭവവും ഉണർത്തിയില്ലെങ്കിൽ അത് നല്ല സാഹിത്യമല്ലയെന്ന പ്രസ്താവന ഊട്ടിയുറപ്പിക്കുന്നു ഈ വാതിൽ.

ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രത്യക്ഷപ്പെടുന്ന ജാതി എന്ന ഭീകരസത്വത്തിന്റ ആക്രമണത്തെ കാണിച്ചു തരുന്ന അനേകം കുറിപ്പുകളും ഈ പുസ്തകത്തിലുണ്ട്.

എഴുത്തുകാരനൊപ്പം വായനക്കാരും ‘സ്പർശം’ മെന്ന വാതിലിലൂടെ കടക്കുമ്പോൾ, ‘തൊട്ടുകൂടാത്തവർ’ എന്നു വിഭജിച്ച്, ഒരുവിഭാഗം മനുഷ്യർ സ്പർശനിരോധം എന്ന അധികാരപ്രയോഗത്തിലേക്ക് സ്പർശത്തെ സന്നിവേശിപ്പിച്ച, മനുഷ്യചരിത്രത്തിലെ ഏറ്റവും നിന്ദ്യമായ ഒരേടിലേക്കെത്തുന്നു.

ദൃശ്യവൃക്ഷവും അദൃശ്യവൃക്ഷവും സമമിതിയിൽനിൽക്കുന്നത് പോലെ പുറംലോകം കാണുന്നില്ലെങ്കിലും ഇരുട്ടിലും പ്രാതികൂല്യങ്ങളിലും വെളിച്ചത്തിലും മനുഷ്യർ നിലനിൽക്കുന്നകാഴ്ചയാണ് ‘ശീർഷാസനം’ തുറന്നാൽ കാണുന്നത്.

‘ഭൗമം’ എന്ന പംക്തിയിൽ കുശല രാജേന്ദ്രൻ ഓരോ വർഷവും 200 മുതൽ ഒരു ലക്ഷം വരെ സ്പീക്ഷിസുകൾ വംശനാശംനേരിടുന്നതിനെ പറ്റി പറയുന്നുണ്ട്. എസ് ജാനകിയുടെ അനുസ്മരണകുറിപ്പിൽ ‘അലിഞ്ഞലിഞ്ഞുപോം അരിയ ജന്മമാം പവിഴദ്വീപിൽ ഞാൻ ഇരിപ്പതെന്തിനോ’ എന്ന പാട്ടിനെ പറ്റി സുഭാഷ്ചന്ദ്രൻ പറയുന്നുണ്ട്. ആ വരികൾ വീണ്ടും കാണാൻപറ്റുന്നു ‘വാക്കൊരു ദ്വീപ്‘ തുറക്കുമ്പോൾ. കാലപ്രവാഹത്തിൽ മുങ്ങിമറയുന്ന ഭാഷകളെ വേദനയോടെ നോക്കി നിൽക്കേണ്ടി വരുന്ന ജന്മങ്ങളായി മാറുന്നു തലമുറകൾ.

സർഗ്ഗാത്മകത ഒരു മത്സരയിനമല്ലെന്ന സത്യമാണ് ആസിദ്ധിയുമായി ജനിച്ചവർ ആദ്യമായി തിരിച്ചറിയേണ്ടതെന്ന് ഓർമ്മപ്പെടുത്തുന്നു ‘കണിക്കൊന്നയുടെ ദൃഷ്ടാന്തം‘.

‘തെറി’യുടെ വാതിലിൽ വാക്കുകളുടെ ദാരിദ്ര്യമുള്ളവൻ തെറിയെ കൂട്ടുപിടിക്കുന്നതും വാക്കുകൾ മാത്രല്ല, മാന്യമല്ലാത്ത ഏതു ചേഷ്ടയും തെറിയാണെന്നും യന്ത്രങ്ങൾകൊണ്ടും പോലും അതിനു കഴിയുമെന്നും എഴുതുന്നു.

അലൻ ടൂറിങ്ന്റെ ജീവിതത്തിലൂടെയും ആപ്പിൾ എന്ന കമ്പനിയുടെ സ്ഥാപനമുദ്രയായ കടിയേറ്റ ആപ്പിളിനെപ്പറ്റിയും ആണും പെണ്ണും എന്ന ബൈനറിക്കപ്പുറം നോൺ-ബൈനറി വിഭാഗത്തിലുള്ള മനുഷ്യരും ഭൂമിയിലുണ്ട് എന്ന പൊതുബോധത്തെയും ചർച്ച ചെയ്യുന്ന വാതിലാണ് ‘ദൈവം സ്വരൂപത്തിൽ ട്രാൻസ്‌ജെൻഡറിനെ സൃഷ്ടിച്ചു’.

പ്രസിദ്ധരായ ചിലരുടെ അവസാന വാക്കുകളിൽ അവരുടെ അതുവരേയുള്ള ജീവിതം വാറ്റിവെച്ചിട്ടുണ്ടോ എന്നറിയാനുള്ള എഴുത്തുകാരന്റെ കൗതുകം നിർമ്മാല്യത്തിലും, വി കെ എൻ, എമിലി ഡിക്കിൺസൺ, ഓർവെൽ, തുടങ്ങി സ്റ്റീവ് ജോബ്സ് വരെയുള്ളവരുടെ ‘അന്ത്യവചനങ്ങളിലേക്ക് നയിക്കുന്നു. അപ്പോഴും എഴുത്തുകാരനെ ഏറ്റവും വിസ്മയാധീനമാക്കിയ, ഇന്ത്യയുടെ ഭവിഷ്യത്തുകൾ അടങ്ങിയിരുന്ന അന്ത്യവാക്കുകൾ , രാഷ്ട്രപിതാവിന്റേതാണ്.

Trans-creation എന്ന പദവിയിലേക്കുയർത്തിയ വിവർത്തനത്തെക്കുറിച്ച് പറയുന്നു ‘പാവങ്ങളുടെ ഒസ്യത്ത്’. ഈ വാതിലിലൂടെ മലയാളിവായനക്കാരെയും എഴുത്തുകാരെയും ഒരുപോലെ സ്വാധീനിച്ച പാവങ്ങൾ (നാലപ്പാട്ട് നാരായണമേനോൻ) സ്ഥാനംപിടിക്കുന്നു.

ബലൂണുകൾ പഠിപ്പിക്കുന്ന നശ്വരതയിലേക്ക് തുറക്കുന്നു ‘പ്രാണന്റെ പടക്കം’. അതേ സമയം അപരന്റെ കണ്ണീരിനും ദുരിതത്തിനും മീതേ ചിരിക്കാൻ പഠിച്ച മനുഷ്യരെപ്പറ്റി വേദനയോടെ ആശങ്കപ്പെടുന്ന എഴുത്തുകാരനോട്‌ വായനക്കാരും യോജിക്കും.

ടി.വി. സജീവിന്റെ ‘എല്ലാവർക്കും ഇടമുള്ള ഭൂപടങ്ങളി’ലൂടെ കണ്ടെത്തിയ ബേണി ക്രോസിന്റെ ‘വൈൽഡ് സൗണ്ട് സ്കേപ്പ്സ്’ എന്ന ഗ്രന്ഥത്തെയും സൗണ്ട്സ്കേപ്പ് ഇക്കോളജിയെയും പരിചയപെടുന്നു ‘കാതോർക്കാം’ എന്ന അദ്ധ്യായത്തിൽ. ഇതേവാതിലിൽ രേഖപെടുത്തുന്ന ആശങ്കയുണർത്തുന്ന കുറിപ്പ്‌ ഇങ്ങനെയാണ്
“മലയാളിസമൂഹത്തിൽനിന്ന് ചില മഹാവൃക്ഷങ്ങളെ കാലം സെലക്ഷൻ ഫെല്ലിങ്ങിലൂടെ വെട്ടിനീക്കുന്നത് നാംകണ്ടുനിൽക്കുകയാണ്. ഒറ്റ നോട്ടത്തിൽ വലിയവ്യത്യാസമൊന്നും തോന്നിക്കാതെ സമൂഹമെന്ന നിലയ്ക്ക് നാം നിറഞ്ഞുതന്നെ പിന്നെയും കാണപ്പെടുന്നുണ്ടാകാം. എന്നാൽ, ചില സ്വരങ്ങൾ എക്കാലത്തേക്കുമായി ഇല്ലാതാവുന്നുണ്ട്-ധീരതയുടെ, ആർജ്ജവത്തിൻ്റെ, എപ്പോഴും പ്രതിപക്ഷമായിനിൽക്കാനുള്ള ചങ്കൂറ്റത്തിന്റെ സ്വരങ്ങൾ“.
‘ഗുരുത്വം’ എന്ന വാതിൽ കുറിപ്പും ഇതിനോട് ചേർത്ത് വായിക്കാം “മലയാളികൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നഏറ്റവും വലിയ പ്രതിസന്ധി, ഗുരുത്വമുള്ള ആളുകളുടെ അഭാവമാണ്. ഉള്ളിൽ തിരതല്ലുന്ന ആദരവോടെ നോക്കാനും, ദൂരെനിന്നെങ്കിലും മനസ്സുകൊണ്ട് വണങ്ങാനും തോന്നിക്കുന്ന അപാരവ്യക്തിത്വങ്ങൾ വംശനാശഭീഷണി നേരിടുകയാണ്. അതിലും ദുഃഖകരമായ വസ്തുത വേറൊന്നുമുണ്ട്- ആ അസാന്നിദ്ധ്യങ്ങളിൽ നമുക്ക് തരിമ്പും സങ്കടമില്ലാതായിത്തീർന്നിരിക്കുന്നു“.

അധികാരത്തിന്റെ ദുർഗന്ധത്തെയും അന്ധകാരത്തെയും കാണിച്ചുതരുന്ന അനേകം കുറിപ്പുകളുടെ സമാഹാരം കൂടിയാണിത്.
ഭരണാധികാരികൾ തിരിച്ചറിയുന്ന എഴുത്തിന്റെ ശക്തിയും ചരിത്രപിറവിയും സാഹിത്യജന്മവും ‘കൽപ്പന’യിലൂടെ കാണാം.

പ്രതിഭയുടെ ഒരക്ഷരത്തിനുമുകളിലും ഒരധികാരത്തിനും അവകാശമില്ല എന്ന തിരിച്ചറിവിൽ ഉഗ്രമായ പ്രതിഷേധംനടത്തിയ
ജോർജ് വിൽഫ്രഡ് ആൽവിസ് സമരകോൻ എന്ന ആനന്ദ സമരകോൻ ഉജ്ജ്വലമായ പ്രതീകമാകുന്നതെങ്ങനെയെന്ന് തെളിയുന്നു ‘സമരകോൻ’തുറക്കുമ്പോൾ.

ഇന്ത്യയുടെ ജീവിതത്തിൽ സത്യധർമ്മങ്ങളും നിതിന്യായങ്ങളും പരസ്പരം വഴിപിരിഞ്ഞുപോകുന്നതും, ജനാധിപത്യയുഗത്തിലും
വിയോജിക്കുന്ന അഭിപ്രായങ്ങളെ ഭയക്കുന്ന അധികാരവും‘അശോകസ്തംഭത്തിലെ താമര’യിൽ ചർച്ചയ്‌ക്കെടുക്കുന്നു. പാഠപുസ്‌തകങ്ങളിലൂടെ കുഞ്ഞുമനസ്സിൽ വിഷംകലർത്താനുള്ള ഏറ്റവും എളുപ്പമുള്ള വഴിതെരഞ്ഞെടുക്കുന്ന അധികാരത്തെ ചൂണ്ടിക്കാണിക്കുന്നു‘പാഠം’.
ചില അഭാവങ്ങൾ ഒരധികശക്തിയായി ഭാവാന്തരപ്പെടുന്നതും അധികാരത്തിലേക്ക് അന്ധകാരം വന്നുചേരുന്നതും ‘ഇരുട്ട്’ ല് തെളിയുന്നു.
ദക്ഷിണായനവും ഉത്തരായനവും വഴി അധികാരവീര്യം സൃഷ്ടിക്കുന്ന അയനവ്യതിയാനത്തിന്റെ കഥ സൃഷ്‌ടിച്ച മഹാനായ ആദ്യകവിയുടെ ധീരതയിലേക്ക്‌ തുറക്കുന്നു ‘രാമന്റെ അയനങ്ങൾ ’.

‘വി എസ് ലെഫ്റ്റി’ല്‍ ജനാധിപത്യത്തിന്റെ വെളിച്ചമായി മാറിയ വി.എസ്. അച്യുതാനന്ദനും, കാലത്തിന്റെ കുത്തൊഴുക്കിൽ അസ്തമിച്ച യുഗചേതനയെന്ന വാക്കും നിറ‍ഞ്ഞുനില്‍ക്കുന്നു.

പുതിയകാലം കണ്ണീരിന്റെയും വേദനയുടെയും പിന്നാലെപോകുന്ന നല്ല എഴുത്താളുകളെ സൃഷ്ടിക്കാനാകാതെ കുഴങ്ങുന്നുണ്ടോ എന്നൊരു ചിന്തയിലേക്ക് തിരി നീട്ടുന്നു ‘അനുക്രോശം‘.

മനുഷ്യകുലത്തിന്റെ ആനന്ദത്തിനെയും ഒരു വ്യക്തിയുടെ കഠിനയാതനയെയും മുഖാമുഖം നിർത്തിക്കൊണ്ടുള്ള കാരമസോവ് സഹോദരൻമാരുടെ സംസാരവും സസ്യരാജ്യത്തിൻ്റെ ആനന്ദോത്സവ മായ, ഓർമ്മകളുടെ കൂടിച്ചേരലായ ഓണത്തെപ്പറ്റിയും പറയുന്നു ’മാവേലികൾ‘.

സർഗ്ഗാത്മകത മനുഷ്യനാക്കിയ മൃഗങ്ങളായിരുന്നു മനുഷ്യരെന്നും ഹൃദയസ്പർശിയെന്നതിലുപരി , ജീനുകളെപ്പോലും സ്പർശിക്കുന്നതാണ് മഹത്തായസാഹിത്യമെന്നും കാണാം ’അതിരെഴാതെ’യില്‍.
പൊട്ടിനെ സൂര്യനാക്കുന്ന, സൂര്യനെ കുങ്കുമപ്പൊട്ടാക്കുന്ന മുൻഗണനകളുടെയും വീക്ഷണകോണുകളുടെയും പ്രശ്നം വായനക്കാരുടെ ചിന്തയെ സ്പർശിക്കുന്നു‘പരിപ്രേക്ഷ്യത്തിൽ.

‘അർഘയം, പാദ്യം’ എന്ന വാതിൽ തുറക്കുമ്പോൾ, മദ്ധ്യപ്രദേശിലെ പുരുഷോത്തം കുഷ്വാഹയുടെ അനുഭവം ഇന്നും സജീവമായിട്ടുള്ള ജാതിയുടെ ഭീകരവും ബീഭത്സവുമായമുഖവും അതിന്റെ മറവിൽ നടക്കുന്ന പ്രാകൃതശിക്ഷരീതികളുംവെളിപ്പെടുന്ത്തുന്നു.
വംശഹത്യയെ ജനിപ്പിക്കുന്ന വംശവിദ്വേഷത്തിന്റെ ഉറവിടവും യുദ്ധപ്രണയികളുടെ ഏതു ന്യായവും സ്വയംഅന്യായമായിത്തീരുന്ന അറിവിടവും ‘ഉവ്വ്’ എന്ന കുറിപ്പിൽ വെളിച്ചമാകുന്നു.

മഹാപ്രതിഭാശാലികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കേൾക്കുന്ന മണ്ടത്തരത്തിന്റെ കഥകൾ സാധാരണ മനുഷ്യരിൽകാണുന്ന മിടുക്കല്ല, പ്രതിഭാശാലിയുടെ മിടുക്ക് എന്നുതിരിച്ചറിയാത്തവർ സൃഷ്ടിക്കുന്ന അദ്ഭുതകഥകളാണെന്ന് എഴുത്തുകാരൻ. ആ കഥകളിലൂടെ ബ്രില്യൻസും ജീനിയസ്സും തമ്മിലുള്ള അന്തരത്തെ കാട്ടുന്നു ‘ഒരൽപ്പം നിഷ്കളങ്കത’.

ആകാശം കണ്ടവന്റെ മനസ്സ് വലുതാകുമെന്ന് തെളിയിക്കുന്ന ഇന്ദുചൂഡന്റെ പക്ഷി ജീവിതകാഴ്ചകൾ‘വിഹംഗനോഹ’യിൽ കാണാം. സാധാരണ ഉപയോഗിക്കുന്ന ‘പുസ്തകച്ചന്ത, കായികപ്രതിഭ, ശാസ്ത്രവിധി എന്നിവയിലെ ചേർച്ചയില്ലായ്മയെ നമ്മളെ പരിചയപ്പെടുത്തുന്നു ‘സമം’ ചിലപ്പോഴേക്കെ അനുഷ്ഠിക്കുന്ന വ്യത്യസ്ത ചടങ്ങുകളിൽ നല്ലൊരളവിൽ മന:ശ്ശാസ്ത്രം പ്രവർത്തിക്കുന്നതും ‘സമ’ത്തിൽ കുറിക്കുന്നു.

ചാൾസ് ബോദ്ലെയറിൽ തുടങ്ങി റുഡ്യാർഡ് ക്ലിപ്പിങ്, ഒക്ടോവിയ പാസ്, ഡോമിനിക് ലാപ്പിയർ, ഇ എം ഫോസ്റ്റർ, ഹെർമൻ ഹെസ്സേ, സോമർസെറ്റ് മോംമുതൽ ആകാശവാണിയുടെ സിഗ്നേച്ചർ ട്യൂൺ ചിട്ടപ്പെടുത്തിയ വാൾട്ടർ കോഫ്മാനെ വരെ ഓർമ്മിപ്പിക്കുന്നു ‘ഇന്ത്യൻ ഇങ്ക്’.
ജാതിയുടെപേരിൽ മനുഷ്യരെ വിഭജിക്കുന്നതിനെതിരെ പോരാടിയ അംബേദ്കർ വിടപറഞ്ഞ ദിവസം ഭാവിയിൽ വിഭജനബുദ്ധിയുടെ ക്രൂരമായ മുഖം പ്രദർശിപ്പിച്ച ദിവസംതന്നെയായത് യാദൃച്ഛികമല്ലെന്ന ചിന്ത വല്ലാതെ നൊമ്പരപ്പെടുത്തുന്നു ‘വിശുദ്ധ മാംസ’ ത്തിൽ. അവമതിക്കപ്പെട്ട വാക്ക്, ആരാധ്യമായ ദൈവപദവിയിലേക്കുയർത്തപ്പെട്ട കഥ ‘കാഫിർ, കാപ്പിരി’ യിൽ കാണാം.
ചാപ്ലിന്റെ ആത്മകഥയിൽ, നിറയെ സിദ്ധിയുള്ള ഒരു മനുഷ്യൻസാധനയുടെ പ്രാധാന്യത്തെപ്പറ്റി പറയുന്ന ഭാഗം ഏതൊരാളും വായിക്കേണ്ടതാണെന്ന് ഉറപ്പിക്കുന്ന വാതിലാണ് ‘സാധന’. ഇതിനോട് ചേർത്തു വായിക്കാവുന്നതാണ് ‘സർവ്വശ്രീ’ യെന്ന അവസാന കുറിപ്പ്‌. സിനിമ കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനെയും മറ്റൊരു വഴിക്ക് ചിന്തിപ്പിച്ച, തിരിച്ചറിവുകളുടെചൂണ്ടുവിരൽ സ്വന്തം നേരെ തിരിക്കേണ്ടിവരുന്ന പ്രേക്ഷകനെ സൃഷ്‌ടിച്ച ശ്രീനിവാസൻ എന്ന പ്രതിഭയുടെ ഓർമ്മകൾ‘സർവ്വശ്രീ’യിലുണ്ട്.

വിജ്ഞാനത്തിന്റെ ‘ഗ്ലോഫ് ’ കൾ സൃഷ്ടിക്കുന്ന ശ്വാസംമുട്ടിക്കലില്ലാതെ ചുരുങ്ങിയ വാക്കുകളിലൂടെ തിരിച്ചറിവിന്റെ ഉൾക്കാഴ്ച്ചകൾക്ക് ഊർജം പകരാൻ എഴുത്തുകാരന്‍ ബദ്ധശ്രദ്ധ പുലർത്തുന്നു. ശാസ്ത്രവും ചരിത്രവും സാഹിത്യവും പരിസ്ഥിതിയും രാഷ്ട്രീയവും ഉരുക്കിച്ചേർത്ത് ചുരുങ്ങിയ വാക്കുകളിലൂടെ പുതിയ ചിന്തകൾക്ക് തീ പിടിപ്പിക്കാൻ പറ്റുന്ന തിരിച്ചറിവിലേക്കുള്ള ഈ വാതിൽ എല്ലാവർക്കും തുറക്കാൻ സാധിക്കട്ടെ. “ചേർച്ചയില്ലാത്ത രണ്ടിനെച്ചേർത്തു ചൊല്ലുകിൽ“ വിഷമമെന്ന
കാവ്യാലങ്കാരമാണെങ്കിൽ,
ചേർച്ചയില്ലാത്ത പലതിനെയും ആറ്റിക്കുറുക്കി മൂല്യമുള്ള ചിന്തയാക്കുന്നു വാതിൽ. വാക്കുകളുടെ ആൽക്കെമിയിലൂടെ പുതിയൊരു ഉൾക്കാഴ്ച്ചയുടെ സ്വർണ്ണതിളക്കം!