*ഭൂതകാലങ്ങളുടെ ഉൾത്തുടിപ്പ്*
‘_Only a life lived for others is a life worthwhile’ –Albert Einstein_
കുടിക്കാനുള്ള ശുദ്ധജലത്തിനും കൃഷിയാവശ്യങ്ങൾക്കായുള്ള ജലസേചനസൗകര്യത്തിനുംപോലും ഒരു സ്ഥാനവുമില്ലാത്ത, ഒരു തുള്ളി വെള്ളംപോലും അപ്രാപ്യമായ കൊടുംവരൾച്ചയിൽ, ചുണ്ണാമ്പ് തിന്നു ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവിതം, ഇന്ത്യൻ സൈന്യ ത്തിൽ ജവാനും സുബേദാറും ഒക്കെ ആയിരുന്ന, സ്റ്റീപ്പിൾ ചെയ്സ് എന്ന സ്പോർട്സ് ഇനത്തിൽ എട്ടുവർഷം തുടർച്ച യായി ദേശീയ ചാമ്പ്യൻ ആയ ആൾ, നീതി നിഷേധത്തിന് ഇരയായപ്പോൾ ആയുധം കയ്യിലേന്തുകയും ചമ്പൽക്കാടുകളെ വിറപ്പിച്ച കൊള്ളക്കാരിൽ ഒരാളായി മാറുന്ന കാഴ്ച, കഥ പോലെ തോന്നിക്കുന്ന ഇത്തരം ജീവിതങ്ങൾ വെറുതെ ഒരു യാത്രയിൽ കാണാൻ സാധിക്കില്ല.
യാത്രകളിൽ കാഴ്ചകളും ജീവിതങ്ങളും ഒപ്പിയെടുക്കുകയെന്നത് പത്രപ്രവർത്തനം ജീവിതസമരമാക്കണമെന്ന് തീരുമാനിച്ചവർക്കേ സാധിക്കൂ.
അത്തരത്തിലുള്ള
ജീവിതങ്ങളിലേക്കുള്ള അസാധാരണ യാത്രാകുറിപ്പുകളാണ്, ഒരിക്കലും തിരിച്ചു പിടിക്കാൻ പറ്റാത്ത ജീവിത സാഹചര്യങ്ങളിലെ അനുഭവക്കുറിപ്പുകളാണ് വെങ്കിടേഷ് രാമകൃഷ്ണൻ എഴുതിയ ‘മഹാപുരുഷ മണ്ണിന ഗുണ’ .
പത്ത് വർഷങ്ങൾക്ക് മുമ്പുള്ള യാത്രകളാണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളതെങ്കിലും സാമൂഹികാവസ്ഥകളെ തിരിച്ചറിയാനുള്ള യാത്രകളും അപൂർവ്വ ജീവിതങ്ങളെ അറിയാനുള്ള യാത്രകളും അക്ഷരങ്ങളിലൂടെ വായനക്കാരിലെത്തുമ്പോൾ, ഓർമിക്കുക അഥവാ ഓർമ്മപെടുത്തുക എന്നുള്ള വലിയൊരു രാഷ്ട്രീയ ദൗത്യം കൂടി നിറവേറ്പ്പെടുന്നു. അതുകൊണ്ട് തന്നെ ഈ വായന പുതിയൊരു ഉൾകാഴ്ച സമ്മാനിക്കുന്നു.
സംഗീതത്തിന്റെ മായാവഴികളിലൂടെയുള്ള യാത്രകളിൽ തുടങ്ങുന്ന ഈ പുസ്തകം പോരാട്ട ഭൂമിയിലൂടെയും, വിശപ്പിന്റെ യാതനകളിലൂടെയും, വിവിധ രാഷ്ട്രീയസാഹചര്യങ്ങളിലൂടെയും, ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു പാട് മനുഷ്യജീവിതങ്ങളിലൂടെയും വായനക്കാരെ കൊണ്ടുപോകുന്നു.
ഈ മഹാപുരുഷന്മാരെല്ലാം ഈ മണ്ണിൻ്റെ ഗുണംകൊണ്ട് ഉണ്ടായതാണ് എന്ന് അർത്ഥം വരുന്നതാണ് ‘മഹാപുരുഷ മണ്ണിന ഗുണ’ എന്ന കന്നടവാചകം . അത്തരം മനുഷ്യരുടെ കൂടെയോ, അവർ ജനിച്ച ദേശങ്ങളിലൂടെയോ അവർ സഞ്ചരിച്ച മണ്ണിലൂടെയോ ഉള്ള യാത്രകളായതിനാൽ തന്നെ ഇത് ഒരു കാലഘട്ടത്തിന്റെ രേഖപെടുത്താലും കൂടിയായി മാറുന്നു.
ധാർവാഡിലൂടെ പണ്ഡിറ്റ് ഭീം സെൻ ജോഷിയുടെ ഗഡഗിലേക്ക് തീർത്ഥയാത്ര, അദ്ദേഹത്തിന്റെ ശിഷ്യന്മാരായ മാധവ് ഗുഡി, സോമനാധ് മർധൂർ എന്നിവരിലൂടെയുള്ള ഓര്മകളിലൂടെയും അവിസ്മരണീയമാകുന്നു.
വിനോദസഞ്ചാരിയല്ലാത്ത മഹായാത്രികൻ ജി. വിക്രമൻ നായർ എന്ന ജി.വി. ദായ്ക്കൊപ്പം നടത്തിയ യാത്രകൾ ഏതൊരു വായനക്കാരനെയും അസൂയപ്പെടുത്തുന്നതാണ്.
ഗുരുസ്ഥാനീയനായി കാണുന്ന
ജി. വിക്രമൻ നായറെപറ്റി എഴുത്തുകാരൻ പറയുന്ന ഭാഗം ഇങ്ങനെയാണ് “..പതിനെട്ടു വയസ്സുവരെ കേരളത്തിൽ ജീവിച്ചു, ഡിഗ്രി വിദ്യാഭ്യാസകാലംമുതൽമാത്രം ബംഗാളി പഠിച്ചാണ്, നായർ ദാ ബംഗാളിയിൽ ‘ശൈലീകാരൻ’ എന്ന കീർത്തി നേടിയത്“. അതുപോലെ, പത്രപ്രവർത്തനത്തിന്റെ ഉദാത്ത മായ ഒരു ഇന്ത്യൻമാതൃക എന്നു ചോദിച്ചാൽ, തീർച്ചയായും ചൂണ്ടിക്കാണിക്കാനുള്ള ഒരു മാർഗ്ഗം നായർ ദായുടേതുതന്നെയാണെന്നാണ്
വെങ്കിടേഷിന്റെ അഭിപ്രായം.
ആമുഖത്തിൽ കെ എ ബീന പറയും പോലെ ഇ പുസ്തകം നിറയെ മനുഷ്യരാണ്.
‘ഇനി ചെറുപ്പക്കാരുടെ കാലമാണ്. അവർ ഒരുപാടു നല്ലത് ചെയ്യുന്നുണ്ട്, കുറേ ചീത്തയും. നല്ലതിന്റെ തൂക്കം കൂടുമ്പോൾ, മനുഷ്യപുരോഗതി ഉണ്ടാകും’ എന്ന് ഉറച്ച ബോദ്ധ്യമുണ്ടായിരുന്ന ഹബീബ് തൻബിർ, ചികിത്സ പോലുമില്ലാതെ ദുരിതത്തിലായ പദ്മഭൂഷൻ മേജർ ധ്യാൻ ചന്ദ്, ‘എവിടെപ്പോയാലും, എന്തായാലും ആത്യന്തികമായി മനുഷ്യൻ ആയാൽ മതി ‘ എന്ന് പറയുന്ന പ്രബോധ് ചന്ദ്ര ദെ എന്ന മന്നാ ഡേ, മാന്തോപ്പിൽ മുന്നൂറിൽപ്പരം മാങ്ങാ ഇനങ്ങളുമായി വാഴുന്ന, മാങ്ങയുടെ മഹാരാജാവ് എന്ന് ഒട്ടും അതിശയോക്തി ഇല്ലാതെ വിളിക്കാവുന്ന ഹാജി ഖലിമുള്ളഖാൻ അഥവാ മാങ്ങാ ബാദ്ഷാ, ഇന്ത്യൻ സമൂഹ ത്തിലെ നിരവധി ഉത്‌പതിഷ്‌ണു സാമൂഹിക രാഷ്ട്രീയ പ്രവണത കളുടെയും മൂല്യങ്ങളുടെയും തകർച്ച കണ്ട എ കെ ജി യുടെ സെക്രട്ടറി യായി മാറിയ കൃഷ്ണ ദുബൈ എന്ന കൃഷ്ണൻ ദുബൈ, അർജുൻ സിംഗ് കോൺഗ്രസ് നേതാവുമായുള്ള ബന്ധം, ജ്യോതിബസുവിനോടൊപ്പം ദിവസം മുഴുവൻ യാത്ര ചെയ്യാനും ഒരു രാത്രി അദ്ദേഹത്തിൻ്റെ വീട്ടിൽ താമസിക്കാനുമുള്ള അവസരം ഒരുക്കിയ മൃദുൽ ഡേ, കളിക്കും കൊള്ളയ്ക്കും ഇടയിൽ കുടുങ്ങിപ്പോയ പാൻസിങ് തോമർ , ദേശീയ-സാർവ്വ ദേശീയ കാര്യങ്ങളെ മനസ്സുകൊണ്ടുമാത്രം പിന്തുടരുമ്പോഴും, ബുണ്ടാലക്കാരൻ്റെ പ്രാഥമികമായ പരിഗണനാവിഷയം ദേശീയ സുരക്ഷയും ദേശീയോദ്ഗ്രഥനവും ദേശീയവീക്ഷണവും തന്നെയായിരിക്കുമെന്ന് തെളിയിച്ച ഹർകിഷൻ സുർജിത് , ദീർഘമായ സമരങ്ങളിലൂടെയും ചരിത്രവഴികളിലൂടെയും കടന്നുപോയ രാജാ മുഹമ്മദ് അമീർഖാൻ,
ജനങ്ങളുടെ കൂടെയുണ്ടായിരുന്ന ഏറമ്പാല കൃഷ്‌ണൻ നായനാർ , പോരാളിയായ ഹിജാം ഇരാബോട്ട്, നീതിന്യായവ്യവസ്ഥയിൽ വിശ്വാസമർപ്പിച്ചു ജീവിതം ഹോമിച്ച നവാബ് രാജേന്ദ്രനും, അപൂർണ്ണ മെങ്കിലും അർത്ഥപൂർണ്ണമായ യാത്ര നടത്തിയ ജോൺ സെവിൽ , അങ്ങനെ പലതരത്തിലുള്ള അപൂർവ മനുഷ്യരുടെ ഓർമ്മകൾ ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ എഴുത്തുകാരൻ സാധിച്ചിട്ടുണ്ട്.
ഛത്തിസ്‌ഗഢ് മുക്തി മോർച്ചയ്ക്ക് ജീവൻ നൽകിയ , ജനങ്ങൾക്ക് ഒപ്പമുള്ള ഒരു നേതാവായ ശങ്കർ ഗുഹ നിയോഗിയെ കാണുന്നതും അദ്ദേഹത്തിന്റെ ജീവിതവും ആവേശം പകരുന്നതും ചിന്തിപ്പിക്കുന്നതുമാണ്.
ഇഷ്ടപ്പെടാതിരിക്കാനും വെറുക്കാതിരിക്കാനും പറ്റാത്ത തരത്തിലുള്ള ഒരു സാന്നിദ്ധ്യമാണ് അവർ എന്ന് ഫിറോസ് വിശേഷിപ്പിച്ച ഇന്ദിര ഗാന്ധിയുടെ ഓർമ്മകൾ , അതുല്യനായ നായർ സാർ എന്ന നരേന്ദ്രൻ ‘മെയിൻ സ്ട്രീം’ പത്രാധിപർ നിഖിൽ ചക്രവർത്തി, ഏറെക്കാലം ഇന്ദിരാ ഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവ് ആയിരുന്ന എച്ച്.വൈ. ശാരദാ പ്രസാദ് എന്നിവരിലൂടെ വായനക്കാരിലേക്കെത്തുന്നു
“ഫ്രം ദ ലാന്റ് ഓഫ് ആദി ശങ്കര ആന്റ് മാർക്‌സിസ്റ്റ് ശങ്കര…” എന്നതിനോടൊപ്പം അജ്ഞാനം വഴി പിഴപ്പിക്കും, പക്ഷേ, ജ്ഞാനം, ഘോരാന്ധ കാരത്തിലേക്ക് തള്ളിവിടും എന്ന സന്ദേശവും പറഞ്ഞ ഓഷോയുമായുള്ള കൂടിക്കാഴ്ച നല്ലൊരു അനുഭവമായി മാറുന്നു .
മണ്ഡൽരാഷ്ട്രീയത്തിന്റെ ജനസ്വാധീനവും അവിടുന്നിങ്ങോട്ടുള്ള ഇന്ത്യയുടെ യാത്രയും തീർച്ചയായും വായിക്കപ്പെടേണ്ടതാണ്.
പുസ്തക സ്നേഹികൾക്ക് ഏറെ അടുപ്പം ഉണ്ടാക്കുന്ന അധ്യായമാണ് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ പുസ്‌തകക്കട എന്നുതന്നെ വിളിക്കാവുന്ന ബോംബെ സ്ട്രാന്റ് ബുക്ക് സ്റ്റോറിന്റെ സ്ഥാപകൻ, ടി.എൻ. ഷാൻബാഗിനെ ക്കുറിച്ചുള്ള ഭാഗം. പുസ്തകപ്രേമം സമ്മാനിച്ച ജ്ഞാനബോധവും ജീവിതാവബോ ധവും പകർന്നുകൊടുക്കുന്ന ആ മൃദുഭാഷണങ്ങൾ ഇനി സ്ട്രാന്റിൽ കേൾക്കില്ല എന്നത് അക്ഷരസ്നേഹികൾക്ക് തീരാനഷ്ടമായി മാറുന്നു.
ലാൽ കൃഷ്ണ അദ്വാനിയോടൊപ്പം ഡൽഹിയിൽനിന്നും ആരംഭിച്ച യാത്രയും,
പട്ടാള ഗാന്ധി എന്ന് വിളിക്കപ്പെട്ട അണ്ണാ ഹസാരെയുടെ മാതൃകാ പാരിസ്ഥിതികഗ്രാമമായ റാലെഗാൻ സിദ്ധിയും ഈ യാത്രയുടെ ഭാഗമാകുന്നു.
പഴയ നല്ല കാര്യങ്ങളിൽ നിന്നല്ല നമ്മൾ തുടങ്ങേണ്ടത്, പുതിയ ചീത്ത കാര്യങ്ങളിൽ നിന്നാണെന്നുള്ള ബെർടോൾഡ് ബ്രെഹത്തിന്റെ വാക്കുകൾ ഓർമിപ്പിക്കുന്ന സഫ്ദർ ഹാശ്മിയുടെ ജീവിതം പറയുന്നതോടൊപ്പം ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും ജനസ്നേഹത്തിന്റെയും മുഖം മൂടിയണിഞ്ഞു വരുന്ന ദുർശക്തികളെ നേരിടാൻ ഹാശ്മിയുടെ ഓർമ്മകളുടെ കരുത്ത് സഹായകമാകുമെന്ന പ്രത്യാശയും പങ്കുവെക്കുന്നു.
സ്ഥല – സമയങ്ങൾക്കപ്പുറം, കാലാ തിവർത്തിയായി പറഞ്ഞുകൊണ്ടിരിക്കുക എന്ന് പറഞ്ഞ വി ച്ച് ഹാരിസിന്റെ ഓർമയോടെയാണ് ഈ കുറിപ്പുകൾ അവസാനിപ്പിക്കുന്നത് .
ഭൂതകാലാനുഭവങ്ങളുടെ ഓർമ്മകൾ അവയുടെ ഉൾത്തുടിപ്പുകൾ ചോർന്നുപോകാതെ അക്ഷരങ്ങളിലേക്ക് പകർത്തുക എളുപ്പമുള്ള ജോലിയല്ല. ടി ജെ എസ് ജോർജിന്റെ “ഘോഷയാത്ര’ , കെ എ ബീനയുടെ ‘ആ കസേര ആരുടേതാണ് ‘, പി സായിനാഥിന്റെ ‘The Last Heroes: Foot Soldiers of Indian Freedom ‘ ഇതെല്ലാം ഇച്ഛാശക്തിയോടെ പോരാടിയ മനുഷ്യരെയും അവരുടെ അസാധാരണ ജീവിതങ്ങളും പോരാട്ടങ്ങളും ഓർമപ്പെടുത്തുന്ന അപൂർവ്വ പുസ്തകങ്ങളാണ് . അത്തരം പുസ്തകങ്ങളുടെ ശ്രേണിയിലേക്ക് ചേർത്തുവെയ്ക്കാവുന്ന കൃതിയാണ് ഇത്.
—- സനുഷ് ശ്രീനഗർ —–
