“Art is the depiction of individual facts to illustrate universal truths.”–

വായനക്കാരെ കഥയുടെ ഭാഗമാക്കി മാറ്റുന്ന രീതിയിൽ, വളരെ ലളിതമായി , പറയാനുള്ളത് നർമ്മത്തില്‍ ചാലിച്ച് പറയുകയും സാമൂഹ്യയാഥാർത്ഥ്യത്തിന്റെ ഉള്ളടരുകളിലേക്കിറങ്ങുകയും ചെയ്യുന്ന ശൈലിയാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനെ അസാധ്യമായ കഥകളെഴുതാന്‍ സഹായിക്കുന്നത്. “ഈസയും കെ.പി. ഉമ്മറും”. ഏതു കാലത്തേക്കും പ്രസക്തമായ കഥകളുടെ സമാഹാരമാണ്.

ജീവിതത്തിൽ ഒരിക്കലെങ്കിലും അപരനെ വെറുക്കാതെ ജീവിതം മുമ്പോട്ട് കൊണ്ടുപോകാൻ മനുഷ്യർക്ക് കഴിയുമോ? ചലച്ചിത്രങ്ങളിലെ വില്ലനായ ഉമ്മറാണ് സകല പ്രശ്നങ്ങൾക്കും കാരണമെന്ന് കരുതി ജീവിതം മുഴുവൻ വെറുപ്പിൽ തീർക്കുന്ന കഥാപാത്രത്തിന്റെ അകത്തളങ്ങളിലൂടെ, അപരവിരോധത്തിലൂടെ ജീവിതത്തിന്റെ താളം തെറ്റുന്ന മനുഷ്യരുടെ കഥ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ‘കെ.പി. ഉമ്മർ’ എന്ന കഥയിൽ. അപരവിരോധം ഇല്ലാതാകുമ്പോൾ ഛിന്നഭിന്നമാകുന്ന അതിർത്തിസങ്കല്പങ്ങളെയും വായിച്ചെടുക്കാൻ പറ്റും. ജന്മസിദ്ധമായി കിട്ടിയ ആണധികാരവാസനയുടെ ദുർഗന്ധത്തിൽ തന്റെ ജീവിതം കത്തിച്ചുതീർക്കുന്ന സ്ത്രീജന്മങ്ങളെയും വരികൾക്കിടയിൽ വായിച്ചെടുക്കാം.
“സ്നേഹത്തിന്റെ നിസ്സഹായാവസ്ഥ ആ കണ്ണുകളിൽ തിരയില്ലാത്ത കടലായി വിശ്രമിച്ചു” എന്ന് പറയുന്നതിലൂടെ എത്ര അനായാസമായാണ് ജീവിതയാഥാർത്ഥ്യങ്ങളുടെ തീക്ഷ്ണത അവതരിപ്പിച്ചിരിക്കുന്നതെന്ന് കാണാം.
നിത്യജീവിതത്തിൽ സാധുക്കളായ ചില മനുഷ്യർക്ക് ജീവിക്കാൻ വേണ്ടി വില്ലൻ വേഷം കെട്ടേണ്ടി വരുന്നതുകൊണ്ടായിരിക്കാം, വെള്ളിത്തിരയിലെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മനുഷ്യൻ ഇങ്ങനെ പറയുന്നത് ‘ഓരോ വില്ലനും നമ്മളിലൂടെ നശിച്ചുപോകുന്നതിൽപ്പരം മറ്റൊരു പുണ്യമില്ല. വില്ലന്മാരായി അഭിനയിക്കുന്ന നടന്മാർ നായകനടന്മാരെക്കാൾ സമൂഹപരിഷ്കർത്താക്കളാണ്.’

കടിച്ചുപറിക്കൽ ഭാഷയിലൂടെ ഒരു കുടുംബത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന എലിയിലൂടെ പുരോഗമിക്കുന്ന കഥയാണ് ” റൂട്ട്‌ മാപ്പ്'” . അതിനെ തുരത്താനുള്ള ശ്രമങ്ങളാണ് പ്രത്യക്ഷത്തിൽ കഥയിലുള്ളെതെങ്കിലും മനുഷ്യന്റെ ചിന്തകളെയും ജീവിതശൈലിയെയും വിലയിരുത്തുന്ന ശക്തമായ അടിയൊഴുക്കും ഇതിലുണ്ട്. കേരളത്തിൽ ജീവിക്കുന്നവര്‍ക്ക് മലയാളം അറിയാത്തതിൽ അത്ഭുതം കൊള്ളുന്ന കഥാപാത്രവും, അമേരിക്കൻ ഉലക്കയും, പൂച്ചയുടെ ചൈനീസ് മുഖവും പറയാതെ പറയുന്ന രാഷ്ട്രീയം ഗംഭീരമായി ‘റൂട്മാപ്പിൽ’ കാണാം. മനുഷ്യർ ഭാഷകൊണ്ട് തീർക്കുന്ന അതിർവരമ്പുകളെ ഓർമപ്പെടുത്തുന്ന ഒരു സംഭാഷണം നോക്കൂ, “അതാണ് ജന്തുക്കളും പക്ഷികളുമൊക്കെ. അവർ കണ്ടാൽ ഉടൻ സംസാരം തുടങ്ങും. അവർ ഭാഷയിൽ അത്രയേറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. നമ്മൾ മനുഷ്യരെപ്പോലെ ആയിരം ഭാഷകൊണ്ടുള്ള കഷ്ടപ്പാടൊന്നുമില്ല.’.
എലിയെ തുരത്താനുള്ള പലവഴികളിൽ ഉലക്കയും പൂച്ചയും എത്തുന്നു. സ്വന്തം പ്രവൃത്തിയുടെ മാലിന്യത്തിൻ്റെ മണം അറിയാത്ത എത്രയോ മനുഷ്യരുടെ പ്രതിനിധിയായി പൂച്ച മാറുന്നു. പിന്നീട് പൂച്ചയെ തുരത്താൻ ശാസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും തന്ത്രങ്ങൾ ഉപയോഗിക്കേണ്ടി വരുന്നു. കാലം മാറിയത് തിരിച്ചറിയുന്ന കഥാപാത്രം, പ്രത്യയശാസ്ത്രസങ്കല്പങ്ങൾ പ്രതിരോധത്തിന്റെ ഉപകരണമല്ലെന്നും പുതിയ കാലത്ത് അത് ഒരു മറയോ സാധാരണമനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനുള്ള പൊതിയോ ആണെന്നും, അഞ്ച് ബുദ്ധിമാന്മാരെ കിട്ടാൻ തൊണ്ണൂറ്റഞ്ച് മണ്ടന്മാരെ ഏർപ്പാടാവുന്ന ഫെയ്‌സ്ബുക്കും അതുവഴി മങ്ങിപ്പോയ വായനാശീലവും അയാൾ തിരിച്ചറിയുന്നു. പോകെ പോകെ ഈ കഥാപാത്രം ഇന്നത്തെ കാലത്തിന്റെ പ്രതിനിധിയായി മാറുന്നു. വിവിധ പരിണാമങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർ തന്റെ ലക്ഷ്യങ്ങൾക്കായി മുമ്പോട്ട് പോയി പോയി ശിലായുഗമനുഷ്യനെ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യം ഏതൊരു വായനക്കാരെയും രസിപ്പിക്കുന്നതോടൊപ്പം ചിന്തയിലേക്കുള്ള റൂട്ടമാപ്പായും മാറുന്നു.

ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ മുൻവിധികളുടെ പശ്ചാത്തലത്തിൽ എടുത്ത തീരുമാനത്തിൽ ഒരിക്കലെങ്കിലും തെറ്റുപറ്റിയ അനുഭവമുണ്ടായിരിക്കും. അത്തരത്തിലുള്ള സമകാലിക ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് ” കൈയേറ്റങ്ങൾ “. മോർച്ചറിയെ ഓർമിപ്പിക്കുന്ന ഫ്ളാറ്റും, അതിനു മീതെ പറന്നു പോകുന്ന -ദേശാതിർത്തിയും, ഭാഷാതിർത്തിയും, ജാതിമതങ്ങളും ബാധിക്കാത്ത- പക്ഷികളും ഉയർത്തുന്ന ദാർശനിക ചിന്ത ചെറുതല്ല . അടുക്കും ചിട്ടയും മാത്രമാണ് ലോകമെന്നു കരുതുന്ന മനുഷ്യരിൽ , കൃത്യത മാത്രമാണ് ലോകത്തിന്റെ ഭംഗിയെന്നു കരുതുന്ന മനുഷ്യരിൽ, ജീവന്റെ തുടിപ്പുകളില്ലാതെ പോകുന്നത് എന്തുകൊണ്ടെന്ന് ഈ കഥയിൽ തെളിയും. ഈ കഥയിലെ ഏറ്റവും പ്രസക്തമായ വാചകം “മുൻവിധി ഒരു രാജ്യമാണ്. വിഡ്ഢിയായ ഒരു ഏകാകിയാണ് അതിലെ ചക്രവർത്തി. പ്രജകളില്ലാത്ത ആ രാജ്യത്തിന്റെ അതിർത്തിയിൽ പൂമ്പാ റ്റകളും പക്ഷികളും പറക്കാനാവാതെ പകച്ചുനില്ക്കും”. മുൻവിധികളുടെ ഇരകളായി മാറുന്ന, അരികുവൽകൃത ജീവിതങ്ങൾ ഏതൊരാളെയും ഒരു തിരിഞ്ഞു നോട്ടത്തിനു പ്രേരിപ്പിക്കും

ആർത്തി പൂണ്ട മനുഷ്യജന്മങ്ങളുടെ നേർക്ക് നർമത്തിന്റെ മൂർച്ചയുള്ള വാക് പ്രയോഗമാണ് “കാറ്റുണ്ടോ, കടലുണ്ടോ?”. തിരിച്ചറിവിലേക്ക് ഇനിയുമെത്രയോ നടക്കാനുണ്ടെന്ന യാഥാർത്ഥ്യം!. അറിഞ്ഞാലും പഠിച്ചാലും വീണ്ടും ആർത്തിയുടെയും അത്യാർത്തിയുടെയും വഴിയിൽ സഞ്ചരിക്കുകയും തിരിച്ചറിയാൻ പറ്റാത്ത ഭ്രാന്തിലേക്കും തിരിച്ചറിയാൻ പറ്റുന്ന ഭ്രാന്തിലേക്കും ചെന്നെത്തുകയും ചെയ്യുന്നു. ടാക്സാണ് മുഖ്യശത്രുവെന്നും നികുതി കൊടുക്കാതെ എന്ത് വാങ്ങാൻ കിട്ടിയാലും വാങ്ങിക്കണമെന്നുമുള്ള പോളിസിയുള്ള ഒരു കുടുംബത്തിന്റെ തലമുറകളുടെ കഥ മൊത്തം മനുഷ്യ സമൂഹത്തിന്റെയും കാഴ്ച തന്നെ. ഒരേയൊരു കാര്യം മാത്രം ലക്ഷ്യമാക്കി മുന്നേറുന്ന ബുദ്ധിമാന്മാരൊക്കെ ചില നേരങ്ങളിൽ മന്ദബുദ്ധികളായിരിക്കുമെന്നു കരുതുന്ന മറ്റൊരു കഥാപാത്രം ആ കുടുംബത്തിലെ പുത്തൻ തലമുറയിലെ പണക്കാരന്റെ ബുദ്ധിയിലേക്ക് ഉപദേശങ്ങൾ കൊടുക്കുന്നതോടെ പണക്കാരന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. പുഴയും കടലും കാറ്റും എന്തിന് സൂര്യനെ വരെ സ്വന്തമാക്കാനുള്ള കച്ചവടക്കണ്ണിന്റെ പുറകെ അയാൾ കുതിക്കുന്നു. വർഗീയ കലാപം വഴിയോ, മലിനീകരണം വഴിയോ,
പ്രകൃതിയെ സ്വന്തമാക്കാൻ
എന്തും ചെയ്യാൻ മടിക്കാത്ത ജീവികളായി മനുഷ്യർ മാറുന്നു. അറ്റ കൈയ്ക്ക് വയനാട് വാങ്ങിയിടാൻ പോലും പദ്ധതിയിടുന്നു. മലകളും കുന്നുകളും കാടുമൊക്കെ നെരപ്പാക്കി ഇന്റർലോക്കിടാമെന്നും ലോകത്തെ ആദ്യത്തെ ഇൻ്റർലോക്ക് ജില്ലയായി പ്രഖ്യാപിച്ചെടുക്കാമെന്നും അത് വഴി ധാരാളം വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കാമെന്നും പദ്ധതിയിടുന്നു. മനുഷ്യരുടെ ആർത്തിയെ ലളിതമായി അവതരിപ്പിക്കുന്ന ഈ കഥ വലിയൊരു പാഠമാകുന്നു. ജൈവികവസ്തുക്കൾ നഷ്ട്ടപ്പെട്ട ആദിവാസി മൂപ്പന്റെ നിസ്സഹായാവസ്ഥയിലാണ് കഥ അവസാനിപ്പിക്കുന്നത്. പ്രകൃതിയിലേക്കുള്ള യുക്തിചിന്തയോടെയുള്ള മടങ്ങിപ്പോക്കിന് ആഹ്വാനം ചെയ്യുന്ന ഇത്തരം കഥകളിലൂടെ, സ്നേഹബന്ധങ്ങളുടെ പ്രാധാന്യവും ആർത്തിയുടെയും അത്യാർത്തിയുടെയും തിക്താനുഭവങ്ങളും പങ്കുവെയ്ക്കുന്നു .

സ്നേഹത്തിന്റെ ചില മരങ്ങളിൽ മുള്ളുകളുണ്ടെന്നതും, സ്വന്തം ഹൃദയത്തെ വാക്കുകളിലേക്കടുപ്പിക്കുമ്പോൾ ജീവിതത്തിനു പുതിയൊരു കാഴ്ചപ്പാടും ലക്ഷ്യവും കൈവരിക്കുമെന്നതും ” വിക്ക്” പറയുന്നു. ഭൂതകാലത്തിലേക്കും അത് വഴി പ്രകൃതിയിലേക്കും തിരിഞ്ഞുനോക്കാതിരിക്കാൻ വളരെയേറെ പ്രയാസപ്പെടേണ്ടി വരുന്ന മനുഷ്യരുടെ തിരക്കുകൾ, താങ്ങും തണലുമായി നിന്നവരെ, ഒഴിവാക്കേണ്ടി വരുന്ന തിരക്കുകളുടെ കൂർത്ത മുള്ളുകൾ, അവിചാരിതമായതിനെ സ്വാഭാവികമാക്കി തീർക്കുന്ന ജീവിത യാഥാർത്ഥ്യങ്ങൾ. നിർണായക നിമിഷങ്ങളിൽ ബഷീറും ഈ കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ആർക്ക് എന്ത് ഉപകാരം ചെയ്‌താലും ഉപദ്രവമായിട്ടു ഭവിക്കുന്ന കരീം എന്ന കഥാപാത്രത്തിലൂടെയാണ് “ജവാൻ റോഡ് ” പുരോഗമിക്കുന്നത്. ഒരു വഴിതർക്കത്തിനെ ചുറ്റിപ്പറ്റിയാണ്, രോഗത്തെക്കാൾ നാം ഭയപ്പെടേണ്ടത് വഴിതെറ്റിയ ചികിത്സയെയാണെന്ന തത്ത്വത്തിലേക്കെത്തുന്നത്. ഓരോ വീട്ടുകാരും ഓരോ രാജ്യവും അവരുടെ അതിർത്തി ലോകാവസാനവുമായി കരുതുന്ന നാട്ടിൽ, തെറിയാണ് ആശയവിനിമയത്തിൻ്റെ ഏറ്റവും ഉയർന്ന രൂപം എന്ന് വിശ്വസിച്ചുപോരുന്ന വീട്ടുകാരും , മിലിട്ടറി കണാരേട്ടനും , ജനറൽ തുയിങ്കനും, കുറുമാൻകണ്ടിക്കാരും നമ്മളുടെ മുമ്പിൽ തുറന്നു കാട്ടുന്ന ലോക രാഷ്ട്രീയം ചെറുതല്ല. അതിർത്തിപ്രശ്‌നങ്ങൾ അധികാരികൾ ഉള്ള കാലത്തോളം സജീവമായി നിലനിൽക്കും . സാഹിത്യത്തോടു മാത്രം സാമൂഹ്യപ്രതിബദ്ധതയുള്ള എഴുത്തുകാരും , പ്രമാണിമാർ വീക്ക്നെസ്സായിട്ടുള്ള സാഹിത്യകാരന്മാരും ചോദ്യം ചെയ്യപ്പെടുന്നുണ്ട് ഈ തർക്കത്തിനിടയിൽ. ബുദ്ധിരഹിതരായ ആൾക്കൂട്ടത്തിന്റെ കൂട്ട അടിയിൽ അവസാനിക്കുന്ന ജവാൻ റോഡ്, ഭരണാധികാരിയാണെന്ന് കരുതി
അക്രമികളെ മാനിക്കുന്നതൊക്കെ എത്രസാധാരണമാണ് നമ്മുടെ നാട്ടിലെന്ന് കാണിച്ചും തരുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും പഠിക്കാത്ത മനുഷ്യരുടെയും, ഇന്നും യുദ്ധങ്ങൾ വിട്ടുമാറാത്ത ലോകത്തിന്റെയും ഒരു പ്രതീകം മാത്രമാണ് ജവാൻ റോഡ്.

ആരോടും ഒന്നും പറയാതെ നേട്ടത്തിന്റെ പുറകെയുള്ള പാച്ചിലിൽ ചിവിട്ടിയരച്ചു കളഞ്ഞതോന്നും തിരിച്ചു കിട്ടാത്തതാണെന്ന് തിരിച്ചറിയുമ്പോഴേക്കും ജീവിതം വേറൊരു കരയിലെത്തിയിട്ടുണ്ടാകും. സാമൂഹ്യനന്മ മാത്രം ഉദ്ദേശിച്ചു പാർട്ടിയിൽ വന്നതും, വ്യക്തിയും പ്രസ്ഥാനവും രണ്ടാണെന്ന് മനസ്സിലാക്കുമ്പോഴേക്കും വിട്ടുവീഴ്‌ചകളിൽ ചെന്നുപെട്ടതിന്റെ ഫലമായി ജീവിതത്തിൻ്റെ ഓരോ മേഖലയിലും പാർട്ടിയും അതിന്റെ വലക്കള്ളികളും ശ്വാസംമുട്ടിക്കുന്നതും കാഴ്ചയിൽ തെളിയുന്നതാണ് “പുറത്താരും അറിയേണ്ട”. അധികാരമുട്ടക്ക് മാത്രം അടയിരിക്കുന്ന ചില രാഷ്ട്രീയ ‘കഴുകന്മാരെ’ തുറന്നു കാട്ടുന്ന സന്ദർഭങ്ങൾ. വിവരസാങ്കേതികവിദ്യയുടെ നടുക്കടലിൽ ദാഹിച്ചുവലയുന്ന ജന്മമായി മാറുന്ന മനുഷ്യർ, ഭൂതകാലത്തിന്റെ ചെയ്‌തികൾ മനസ്സിൻ്റെ ആന്തരികതയിൽനിന്നു ശമനങ്ങളെ തേടുമ്പോൾ ആരും തുണയില്ലാതെ സ്വയം അന്വേഷിക്കേണ്ടി വരുന്ന മനുഷ്യർ.

ആഴത്തിൽ സ്പർശിക്കുന്ന കഥയാണ് ” ഉമ്മ നട്ട മരങ്ങൾ “. തന്റെ ‘നല്ല'(?) കാലമെല്ലാം മക്കൾക്കുവേണ്ടി പടപൊരുതേണ്ടിവന്ന ഉമ്മയുടെ വിട വാങ്ങലിനു ശേഷം തിരിച്ചറിവിന്റെ ഓർമ്മകളിലെക്ക് വഴുതി വീഴുന്ന മക്കൾ. ജീവിച്ചിരുന്ന കാലത്തെ കുറ്റപ്പെടുത്തലുകളുടെയും അവഗണനകളുടെയും കണക്കെടുപ്പുകൾ മരണശേഷം ഒഴുകിയെത്തുന്നു. ദുരിതപർവ്വങ്ങളിൽ തുണയായിരിക്കുന്ന ഉമ്മയും , ദുരിതപർവ്വം താണ്ടിയതിനു ശേഷം ജീവിതത്തിലേക്ക് കടന്നു വന്ന ഭാര്യയും ജീവിതത്തിലെ മറ്റൊരേടിലേക്ക് അയാളെ കൊണ്ട് ചെന്നെത്തിക്കുന്നു. മരത്തോടൊക്കെ വർത്തമാനം പറയുന്ന ഉമ്മായ്ക്ക് എന്തോ പ്രശ്ന‌മുണ്ടെന്നു കരുതുന്ന മക്കൾ. തരിശുഭൂമിയായിരുന്ന സ്ഥലത്തു, വയ്യാത്ത ഉമ്മ നട്ട മരങ്ങൾ തന്ന പച്ചപ്പും തണലും അയാളുടെ ഓർമകൾക്ക് ഇന്ധനമായി മാറുന്നു . യാത്രയുടെ സന്തോഷങ്ങൾക്ക് ഉമ്മയൊരു അപശകുനമാകുമോ എന്ന ഉത്കണ്ഠയുടെ ഓർമയിൽ കുറ്റബോധത്തിന്റെ വെളിച്ചം കണ്ണുകളിൽ പതിയുന്നു. എങ്കിലും, തളർന്നു തകർന്നിരിക്കുന്ന മകനോട് , ഉറങ്ങിക്കോളൂ മോനേ, ആരുടെയും തെറ്റല്ല. മനസ്സിന്റെ പ്രാപ്തിയും പ്രാപ്തിയില്ലായ്മയും മാത്രമാണ്. ചിലപ്പോൾ നമ്മുടെ സ്നേഹങ്ങൾക്ക് സ്വപ്നത്തിൽ മാത്രം ജീവിക്കാനാവും വിധി എന്ന് പറയുന്ന ഉമ്മ വായനക്കാരുടെ കണ്ണും മനസ്സും നിറയ്ക്കുന്നു .

കോവിഡ് കാലത്ത് വിദേശത്തു മരിച്ച വ്യക്തി നാട്ടിൽ എത്തുമ്പോളുള്ള പ്രശ്നങ്ങളിലൂടെ സമകാലിക സാമൂഹത്തിന്റെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാത്ത പാളിയെയാണ് ” ഈസ” അടർത്തികാണിക്കുന്നത്. ഒരു സാമർഥ്യവുമില്ലാത്ത ആളുടെ ആത്മത്യാഗം തന്നെയായ കുടുംബം അയാളുടെ മരണശേഷം എങ്ങനെയൊക്കെ പ്രതികരിക്കുന്നു എന്നുള്ള നേർക്കാഴ്ചകൾ. വേദനിപ്പിക്കുന്ന പ്രമേയം. വിദേശത്തു കരയാൻ പോലും ക്യൂവിൽ നിൽക്കേണ്ടി വരുന്ന കാലത്തെ അതിജീവിച്ചത് എന്നെങ്കിലും നാട്ടിൽ തന്നെ ജീവിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുള്ളതു കൊണ്ടായിരുന്നു. പക്ഷെ മരണശേഷം മാത്രമാണ് അയാൾക്ക് ‘ഇല്ലീഗലാ’യിട്ടുള്ളൊരു ‘കുടിയേറ്റ’ത്തിലൂടെ നാട്ടിലെത്താൻ സാധിക്കുന്നത്. ആ സമയത്ത് കുടുംബത്തിലുള്ളവരുടെ പ്രതികരണം ഇങ്ങനെയാണ് ‘…. കൂടെ കഴിയുന്നവർ ജീവിച്ചിരിപ്പുള്ളവരാണ്. നിങ്ങളതോർക്കണം. മരിച്ചവർക്ക് മരിച്ചവരുടെ കൂടെ കഴിഞ്ഞാലെന്താ. ഞങ്ങടെ സ്വസ്ഥത നശിപ്പിക്കാൻ വന്നാൽ കല്ലെറിയേണ്ടിവരും. ഞങ്ങളെക്കൊണ്ട് ഈ പാതകം ചെയ്യിക്കരുത്”. ആ ജന്മം തകർന്നു പോകുകയാണ്.
ജീവിച്ചിരിക്കുന്നവർ അവർക്ക് കിട്ടിയതൊക്കെ കൈയടക്കിവെച്ചശേഷം മരണത്തിൻ്റെ ബോർഡറിൽ തള്ളിയിരിക്കുന്ന ജീവിത യാഥാർഥ്യങ്ങളിലൂടെ, നിയമങ്ങൾ ജീവിച്ചിരിക്കുന്നവർക്കും അവരുടെ ആശ്രിതർക്കും വേണ്ടി മാത്രമുള്ളപ്പോൾ, മരിച്ചവരെപ്പറ്റി നിയമപുസ്തകത്തിൽ ഒന്നും പറയാത്ത കാലത്തോളം അവർ പൗരന്മാരേയല്ല.
ഈ കഥയുടെ ഉള്ളടരുകളിൽ പറയുന്ന രാഷ്ട്രീയം നിസാരമല്ല. ചിരിയിൽ നിറയെ ഓർമകളുടെ തുരുമ്പ് കലർന്നിരുന്നു എന്ന വരിയിൽ എത്ര ലളിതമായാണ് ജീവിതത്തിന്റെ യാതനകളും നിസ്സഹായതയും ഒളിപ്പിച്ചുവച്ചിരിക്കുന്നത്.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥകളിൽ ഉമ്മ ശക്തമായ സാന്നിധ്യമാവുന്നുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും. ഈ കഥയിലും കനമുള്ളതും മൃദുലവുമായ ബ്ലാങ്കറ്റും അത് പുതച്ചു കിടക്കുമ്പോൾ മരിച്ചുപോയ ഉമ്മ കെട്ടിപ്പിടിച്ചിരിക്കയാണെന്ന് കരുതുന്ന കഥാപാത്രത്തെയും നമ്മൾ കാണും. ജനിച്ച മണ്ണിലേക്ക് മടങ്ങാനുള്ള ആഗ്രഹങ്ങൾ ഒരിക്കലും സാധിക്കാതെ പോകുന്ന എത്രയെത്ര കുടിയേറ്റ ജന്മങ്ങളെയാണ് ഈസ പ്രതിനിധീകരിക്കുന്നത്. വരികൾക്കുള്ളിൽ ചെന്നാൽ കഥകളിലുടനീളം സമൂഹ യാഥാർത്ഥ്യങ്ങളെ സമർത്ഥമായി ചൂണ്ടിക്കാണിക്കുന്നത് കാണാം. വാർത്തയെ വാർത്തകൊണ്ട് പൂഴ്ത്തുന്ന വാർത്താവ്യവസായത്തിന്റെ സ്വഭാവവും, റെക്കോഡിക്കലായി പൗരത്വമില്ലാത്ത പാവങ്ങളും, രേഖകളില്ലാതെ ജീവിക്കുന്നവർ മൃതശരീരം പോലെ ജീവിക്കുന്നതും, അത്തരത്തിൽ മരിച്ചവരെ വീണ്ടും കൊലപ്പെടുത്താൻ നോക്കുന്ന അധികാര വർഗ്ഗങ്ങളും വായനക്കാരിൽ ഉയർത്തുന്ന ചിന്തകൾ സാധാരണമായിരിക്കില്ല, തീർച്ച..

“വ്യക്തികളായ കഥാപാത്രങ്ങളിലൂടെ സമഗ്രമായ ജീവിതദര്‍ശനം ആലേഖനം ചെയ്യുന്നതാണ് കല” എന്ന് പറയാറുണ്ടല്ലോ. വ്യക്തികഥനങ്ങളിലൂടെ ലോകകഥ പറയാൻ സാധിക്കുന്നതിലൂടെ, ഈ പ്രസ്താവനയോട് നീതിപുലർത്തുന്നതാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ “ഈസയും കെ.പി. ഉമ്മറും” എന്ന അനിശ്ചിതമായ ജീവിതങ്ങൾ നിറഞ്ഞു നിൽക്കുന്ന കഥാസമാഹാരം.

സനുഷ് ശ്രീനഗർ